"തൻ്റെ ഏകജാതനിൽ വിശ്വസിക്കുന്ന ആരും
നശിച്ചു പോകാതെ നിത്യജീവൻ
പ്രാപിക്കേണ്ടതിന് അവനെ നൽകാൻ തക്ക
വിധം ദൈവം ലോകത്തെ അത്രയധികം
സ്നേഹിച്ചു (യോഹന്നാൻ: 3.16)
ബലിപ്പെരുന്നാൾ കഴിഞ്ഞ് മണ്ഡലം
നോയമ്പ് നോറ്റു കൊണ്ട് ഇരുപത്തഞ്ച്
നോമ്പിനൊരുക്കിക്കൊണ്ട് മുഗ്‌ധയായ ,
മൂകയായ നവംബർ , ഡിസംബറിനെ
ആരവങ്ങളിലേയ്ക്കും മഹത്വത്തിലേയ്ക്കും
കൈ പിടിച്ചുയർത്തിയിട്ട് പിൻവാങ്ങി.
തൊടിയിലും തോട്ടത്തിലും
ഉണ്ണീശോപ്പുല്ലുകൾ നിരത്തി, നക്ഷത്ര
വിളക്കുകൾ തൂക്കി ദീപക്കാഴ്ചകളാലും
ആശംസാപത്രങ്ങളാലും അലങ്കരിച്ച് ,
മഞ്ഞലയിൽ കുളിച്ച് ഡിസംബർ എത്തി.
കണ്ണുകളും ചിന്തകളും
ഉന്നതത്തിലേക്കുയർത്തിയിരുന്ന
വിജ്ഞാനികൾ രക്ഷകന്റെ നക്ഷത്രം കണ്ട്
അതിനെ പിന്തുടർന്നു ബെത്‌ലഹേമിലെത്തി
ദിവ്യശിശുവിനെക്കണ്ട് ആരാധിച്ച് പൊന്നും
മീറയും കുന്തിരിക്കവും കാഴ്ച വെച്ചു .
കിഴക്കിന്റെ ആധ്യാത്മികത
( ഭാരതീയ ആധ്യാത്മികത)
ദൈവാന്വേഷണത്തിന്റെ ആത്മീയ
പാതയാണ്. അന്നു ജീവിച്ചിരുന്ന പലരും
ദിവ്യനക്ഷത്രം കണ്ടില്ല. കാരണം അവരുടെ
നോട്ടം വിണ്ണിലേക്കല്ല മണ്ണിലേയ്ക്കായിരുന്നു.
മണ്ണ് , പൊന്ന്, സ്ഥാനമാനങ്ങൾ ഇവയെല്ലാം
വിണ്ണിലേയ്ക്ക് നോക്കാൻ തടസ്സം
സൃഷ്ടിക്കും. ജ്ഞാനികളെപ്പോലെ
വിണ്ണിലേയ്ക്ക് നോക്കിയവരും ഉണ്ട്.
അവർക്കാകട്ടെ മറ്റ് നക്ഷത്രങ്ങളിൽ നിന്ന്
ദിവ്യനക്ഷത്രത്തെ തിരിച്ചറിയാൻ സാധിച്ചില്ല.
നിരന്തരമായ പരിശ്രമത്തിലൂടെ,
പ്രാർത്ഥനയിലൂടെ, ധ്യാനത്തിലൂടെ,
പഠനത്തിലൂടെ, ആഗ്രഹത്തിലൂടെ നമുക്കും
ദിവ്യനക്ഷത്രത്തെ കണ്ടെത്താം. അത്
മണ്ണോളം താഴ്ന്ന് വിണ്ണിലെ
സ്നേഹത്തിലേയ്ക്ക് നമ്മെ നയിക്കും.
മനുഷ്യൻ മനുഷ്യനെ സ്നേഹിയ്ക്കുമ്പോൾ
മനസ്സിൽ ദൈവം ജനിയ്ക്കുന്നു. മനുഷ്യൻ
മനുഷ്യനെ ദ്വേഷിക്കുമ്പോൾ മനസ്സിൽ
ദൈവം മരിക്കുന്നു .
സി. മെറിൻ കണ്ണന്താനം എഫ് സി സി