Flash Message

.... ..ST Mary's HSS Pala........## ...... ..***** ... ...*******........ ...

Sunday, December 9, 2018

ക്രിസ്മസ് രാവ് ...

ക്രിസ്മസ്‌എന്നാലത്‌ നക്ഷത്രമാണോ -
യെന്നെൻ കുഞ്ഞു ചോദിക്കേ ഞാൻ ചൊല്ലിടൂ ;
ക്രിസ്മസ്‌എന്നാലത്‌ സ്നേഹമാണെൻ കുഞ്ഞേ ,
ബത്‌ലഹേം തന്നിലെ സ്നേഹം .
രണ്ടായിരം വർഷമപ്പുറമുള്ളൊരു 
പുണ്യപ്പിറവി തന്നോർമ ;
എല്ലാം തികഞ്ഞവനെല്ലാം വെടിഞ്ഞു 
സ്വയം ശൂന്യനായതിന്നോർമ .


ഗോക്കൾ പാർത്തിടുമാ കൂട്ടിലേക്കൊരുമാത്ര 
നോക്കവേ കാണുന്നതെന്തേ 
വെൺക ച്ചയിലൊരു പൊൻതാരകം 
നൽപുഞ്ചിരി തൂകി ശയിപ്പൂ .
മാതാവുംഔസേപ്പിതാവും കൊടുംമഞ്ഞിൽ 
ഉണ്ണിക്കു ചൂടൊരുക്കുന്നു .
മാലാഖവൃന്ദങ്ങൾ ഹാലേലൂയ ഗീതം 
സാമോദമാലപിക്കുന്നു .

മഞ്ഞിൻ  കുളിരാൽ തണുത്തുറങ്ങീടവേ 
ആട്ടിടയർ കേട്ട സൽവിശേഷം 
സർവലോകങ്ങൾക്കും നന്മ പകർന്നീടാൻ 
രക്ഷകൻ മണ്ണിൽ പിറന്നു 
ദൈവദൂതന്നരുൾ വിശ്വസിച്ചേവരും 
തെല്ലുമേ സംഭ്രമമേശിടാതെ ,
കാടുകൾ മേടുകൾ താണ്ടിയേറിയവർ 
തൃപ്പാദം കണ്ടു വണങ്ങി 

മാലാഖമാർ പാടും സുന്ദരഗീതത്തിൽ 
കേൾക്കുന്ന ദിവ്യ സന്ദേശം ;
സന്മനസ്സുള്ളോരിലെന്നും നിറയുന്ന 
ശാന്തി സമാധാനമത്രേ .
കാലിത്തൊഴുത്തിലെ രാജാവിനർച്ചന -
യേകിടാൻ മൂന്നുരാജാക്കൾ 
പൊന്നു മീറ കുന്തിരിക്കവുമായി 
ദൂരെ കിഴക്കു നിന്നെത്തി ;
വഴി തെറ്റിടാതെ കരം പുണർന്നീടുവാൻ 
ദിവ്യ നക്ഷത്രം ഉദിച്ചു ;
ഭൂവിൽ ദിവ്യ പ്രശോഭ ചൊരിഞ്ഞു.

മിന്നിത്തിളങ്ങുമീ കുഞ്ഞുനക്ഷത്രം പോൽ 
ചുറ്റിലും വെട്ടം പകർന്നീടേണം 
കൂരിരുട്ടിൽ വീണുഴലുന്ന മർത്യന് 
പ്രത്യാശയായി ജ്വലിച്ചീടേണം 

ദുരിങ്ങളേറുമ്പോൾ പ്രളയത്തിലാകുമ്പോൾ 
അത്യുന്നതങ്ങളിൽ സ്തുതി പാടണം 
ശാന്തി സമാധാനമെങ്ങും  നിറയ്ക്കുന്ന 
സന്മനസ്സുള്ളവരായിടേണം 

ചുറ്റിലും വിശ്വാസഹത്യകളേറുമ്പോൾ 
വിശ്വാസിയായി ജീവിക്കേണം 
പുൽക്കൂട്ടിൽ ജാതനാം ഉണ്ണിയീശോയെ 
ഹൃത്താരിലെന്നും പ്രതിഷ്‌ഠിക്കേണം 

മാലാഖാമാരൊത്തു പാടിത്തിമിർക്കണം 
ഹാലേലൂയ സ്തുതി ഗീതകങ്ങൾ 
വിണ്ണിലെ നന്മകൾ മണ്ണിൽ കൊരുത്തെന്നും 
ക്രിസ്മസ്സിൻ പൂത്തിരി കത്തിയ്ക്കണം  - കുഞ്ഞേ 
 ക്രിസ്മസ്സിൻ പൂത്തിരി കത്തിയ്ക്കണം.

---ഷാൻസി  ജോസഫ് 





Blog designed and run by Jo C Thomas, HSST English...for St. Mary's HSS Pala